മൊബൈൽ ഫോണുകളില്ലാത്ത കാലം വിദൂരമല്ല

സാങ്കേതിക വിദ്യയുടെ വികാസത്തോടെ പല ഉപകരണങ്ങളും കാലഹരണപ്പെട്ട് പോയിട്ടുണ്ട്. വിസിആറും ഡിവിഡി പ്ലയറും പേജറുകളും മറ്റും അത്തരത്തിൽ ഇല്ലാതായവയാണ്. മൊബൈൽ ഫോൺ ജനകീയമായതോടെയാണ് പേജറുകൾ കാലഹരണപ്പെട്ടത്. ആദ്യകാല മൊബൈൽ ഫോണുകളും കാലഹരണപ്പെട്ടുകഴിഞ്ഞു. ഇപ്പോൾ സ്മാർട്ട് ഫോണുകളുടെ കാലമാണ്. ഇപ്പോഴിതാ, മൊബൈൽ ഫോണുകളും ഇല്ലാത്ത കാലം വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സ്മാർട്ട്ഫോണുകൾക്ക് പകരമാകുമെന്ന് പ്രതീക്ഷിക്കുന്ന എഐ അധിഷ്ഠിത ഹാർഡ്വെയർ ഉപകരണം ഉടനെത്തുമെന്നാണ് ഓപ്പൺ എഐ കമ്പനി മേധാവി സാം ആൾട്ട്മാൻ വ്യക്തമാക്കുന്നത്. ഇത് അടുത്ത ടെക് വിപ്ലവമാകും എന്നും അദ്ദേഹം പറയുന്നു. മുൻ ആപ്പിൾ ഡിസൈൻ മേധാവി ജോണി ഐവുമായി ചേർന്നാണ് പുതിയ എഐ ഉപകരണത്തെ കുറിച്ച് ആൾട്ട്മാൻ തലപുകയ്ക്കുന്നത്. ജനറേറ്റീവ് എഐ പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി വരുന്ന ഉൽപന്നം രൂപത്തിലും പ്രവർത്തന രീതിയിലും നിലവിലെ സ്മാർട്ട്ഫോണോ സ്മാർട്ട് ഗ്ലാസോ പോലെ ആയിരിക്കില്ലെന്ന് ആൾട്ട്മാൻ സൂചിപ്പിക്കുന്നു.
ഓപ്പൺഎഐയിൽ ഒരു വർഷത്തിലേറെയായി പുതിയ എഐ അധിഷ്ഠിത ഹാർഡ്വെയർ ഉപകരണത്തിൻറെ ആലോചനകൾ പുരോഗമിക്കുകയാണ്. ഈ ഉപകരണത്തിൻറെ ഒരു പ്രോട്ടോടൈപ്പ് തയ്യാറാകാൻ തന്നെ നിരവധി വർഷങ്ങളെടുത്തേക്കാം എന്നതാണ് മറ്റൊരു യാഥാർഥ്യം. പരമ്പരാഗത സ്മാർട്ട്ഫോണുകളെ അപേക്ഷിച്ച് കൂടുതൽ ഉപയോക്തൃ സൗഹൃദമായ രീതിയിലായിരിക്കും ഇതിൻറെ നിർമാണം. അതിനാൽ തന്നെ ടൈപ്പിംഗ്, ടച്ച് ഇൻപുട്ടുകൾ എന്നിവയ്ക്ക് പകരം പുതിയ ഉപകരണം വോയ്സ് കമാൻഡുകളിലൂടെയാവും പ്രധാനമായും ഉപയോഗിക്കാനാവുക. ഇതുമൂലം ഈ ഉപകരണം അനായാസം വളരെ സാധാരണക്കാരായ യൂസർമാർക്ക് വരെ കൈകാര്യം ചെയ്യാനാകും എന്ന് പ്രതീക്ഷിക്കുന്നു.











